ബുദ്ധിയെ കവിയുന്ന സമാധാനം ഉണ്ടായിരിക്കുവാൻ എനിക്കെങ്ങനെ കഴിയും?

ബുദ്ധിയെ കവിയുന്ന സമാധാനം ഉണ്ടായിരിക്കുവാൻ എനിക്കെങ്ങനെ കഴിയും?

സമാധാനം ഉണ്ടായിരിക്കുന്നതിനുള്ള ഏക മാർഗ്ഗം നമ്മുടെ പുറമെയുള്ള പരിതസ്ഥിതിയെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നതിലൂടെയാണെന്ന് നമ്മിൽ അനേകരും ചിന്തിക്കുന്നു. എന്നാൽ, നാം വാസ്തവത്തിൽ നമ്മുടെ പരിതസ്ഥിതിയിലൂടെ  നിയന്ത്രിക്കപ്പെടുന്നവരാണ്. പുറമെയുള്ള പരിതസ്ഥിതി സമാധാനമുള്ളതായിത്തീരണമെന്നു നാം പ്രത്യാശിക്കുന്നുവെങ്കിലും, അതിനു പകരം നമ്മുടെ ജീവിതം സമാധാനം കണ്ടെത്തുന്നതിനും നിലനിർത്തുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങളാൽ നിറഞ്ഞിരിക്കുന്നു. മറുവശത്ത്, തികച്ചും വ്യത്യസ്തമായ ഒരു ജീവിതരീതി ബൈബിൾ വെളിപ്പെടുത്തുന്നു; നമ്മുടെ പരിതസ്ഥിതി എന്തുതന്നെയായാലും ഈ ജീവിതമാണ് ഉയർന്നതും, ആഴമേറിയതും, നിലനിൽക്കുന്നതും, കവിയുന്നതുമായ സമാധാനം കൊണ്ടുവരുന്നത്.

ഓരോ മനുഷ്യന്റെയും ബുദ്ധിയെ കവിയുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ ചിന്തകളെയും ക്രിസ്തുയേശുവിൽ കാക്കും. ഫിലിപ്പിയർ 4:7

ഒന്നാമതു നാം കാണുന്നത്, മനുഷ്യന്റെ സമാധാനത്തേക്കാൾ ഉയർന്ന ഒന്ന് - ദൈവത്തിന്റെ തന്നെ സമാധാനം എല്ലാവർക്കും ലഭ്യമാണ്! മനുഷ്യന് ഉളവാക്കുവാൻ കഴിയുന്ന സമാധാനം പരിമിതമാണ്, എന്നാൽ ദൈവത്തിന്റെ സമാധാനം പരിധിയില്ലാത്തതാണ്, അതു നമ്മുടെ ഗ്രാഹ്യത്തെയും അനുഭൂതികളെയും കവിയുന്നതാണ്. നാം കുഴപ്പംനിറഞ്ഞതും, സംഘർഷംനിറഞ്ഞതുമായ പുറമെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, ദൈവസമാധാനം മുഖാന്തരം അപ്പോഴും നമുക്ക് ആന്തരിക സമാധാനം ഉണ്ടായിരിക്കുവാൻ കഴിയും. ഈ സമാധാനത്തിന് നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും കാക്കുവാൻപോലും കഴിയും. ദൈവസമാധാനം നമുക്കുണ്ടായിരിക്കുമ്പോൾ നാം നിരുത്സാഹപ്പെടുകയോ, ക്ഷീണിക്കുകയോ, ഉൽകണ്ഠപ്പെടുകയോ ചെയ്യുന്നില്ല.

ഞാൻ സമാധാനം നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം നിങ്ങൾക്ക് തരുന്നതുപോലെയല്ല ഞാൻ തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകുകയോ ഭ്രമിച്ചുപോകുകയോ ചെയ്യാതിരിക്കട്ടെ. യോഹന്നാൻ 14:27

ഒരു ക്രിസ്ത്യാനി ബലഹീനനെങ്കിലും ശക്തനെന്ന് അവനു തോന്നുന്നു; അവന് വേദന അനുഭവപ്പെടാം, എന്നാലും സമാധാനബോധമുണ്ട്. പുറമെ പീഢ നേരിടുന്നതുകൊണ്ട് അവന് വേദന അനുഭവപ്പെടുന്നു; അവൻ അകമെ കർത്താവിനെ സന്ധിക്കുകയും കർത്താവിനെ സ്പർശിക്കുകയും ചെയ്യുന്നതുകൊണ്ട് അവന് സമാധാനബോധമുണ്ട്.
ജീവന്റെ പരിജ്ഞാനം, പേജ് 49.*

രണ്ടാമത്, ദൈവസമാധാനം എങ്ങനെ നമുക്ക് അനുഭവിക്കുവാൻ കഴിയുമെന്ന് ബൈബിളിൽ നമ്മോടു പറഞ്ഞിട്ടുണ്ട്. ദൈവം ഒരു വസ്തുവായി സമാധാനം നമുക്കു നൽകുന്നില്ല, പകരം ഒരു വ്യക്തിയെ അവൻ നമുക്കു തരുന്നു - അവൻ ക്രിസ്തുവിനെത്തന്നെ സമാധാനമായി തരുന്നു. സമാധാനം ലഭിക്കുവാൻ നാം ക്രിസ്തുവിനെ ഉള്ളിൽ സ്പർശിക്കണം. സമാധാനത്തിന്റെ ഈ അനുഭവം നമ്മുടെ മനുഷ്യാത്മാവിൽ ആരംഭിക്കുന്നു. ദൈവം മനുഷ്യനെ ഒരു ആത്മാവുള്ളവനായി സൃഷ്ടിച്ചുവെങ്കിലും, മനുഷ്യന്റെ വീഴ്ചയിലൂടെ നമ്മുടെ ആത്മാവ് മരിക്കുകയും, പ്രവർത്തിക്കുവാൻ പ്രാപ്തിയില്ലാതാകുകയും ചെയ്തു. ദൈവസമാധാനം ഉണ്ടായിരിക്കുന്നതിന് ഒരു മുൻഉപാധിയായി ആദ്യം നമ്മുടെ ആത്മാവ് ജീവിപ്പിക്കപ്പെടേണ്ടത് നമുക്കാവശ്യമാണ്.

“ആത്മാവിൽ മനസ്സുറപ്പിച്ചിരിക്കുന്നത് ജീവനും സമാധാനവും ആണ്” എന്ന് വാക്യം 6-ൽ അപ്പൊസ്തലൻ പറയുന്നു. ആത്മാവിൽ മനസ്സുറപ്പിച്ചിരിക്കുന്നതിന്റെ ഫലം ജീവൻ മാത്രമല്ല, സമാധാനവും ആണെന്നാണ് ഇതിന്റെ അർത്ഥം. അതുകൊണ്ട് ജീവൻ ആത്മാവിന്റെ ഫലം ആകുന്നു. സമാധാനവും ആത്മാവിന്റെ ഫലം ആകുന്നു. ആത്മാവിനെ സ്പർശിക്കുമ്പോൾ ജീവനെയും, അതുപോലെ, സമാധാനത്തെയും നാം സ്പർശിക്കുന്നു.
ജീവന്റെ പരിജ്ഞാനം, പേജ് 56*

മൂന്നാമത്, നമ്മുടെ മനസ്സ് നമ്മുടെ ദേഹിയുടെ പ്രധാന ഭാഗമാണ് - അതിനാൽ നമ്മുടെ മനസ്സ് വയ്ക്കുന്നിടത്ത്, നമ്മുടെ മുഴുവൻ ആളത്തവും പിന്തുടരും. നമുക്കു ചുറ്റുമുള്ള ബാഹ്യമായ സംഭവങ്ങളിൽ നമ്മുടെ മനസ്സിനെ പൂർണ്ണമായി വച്ചിട്ടുണ്ടെങ്കിൽ, നമുക്ക് ദൈവത്തിന്റെ സമാധാനം അനുഭവിക്കുവാൻ കഴിയുകയില്ല. ജീവിക്കുകയും സമാധാനമുള്ളവരായിരിക്കുകയും ചെയ്യുന്നതിനുപകരം നാം ഉള്ളിൽ മരിച്ചവരായിരിക്കും. നമ്മുടെ മനസ്സിനെ നമ്മുടെ ആത്മാവിൽ വയ്ക്കുവാനും ഉള്ളിൽ ആത്മാവിനെ സ്പർശിക്കുവാനും നാം പഠിക്കണം.

ദൈവത്തെ വേണ്ടുംവണ്ണം നേടുകയും ദൈവത്തെയും ദൈവജീവനെയും വേണ്ടതുപോലെ അനുഭവമാക്കുകയും ചെയ്യുന്നുവെങ്കിൽ, മതിയായ സമാധാനം നമുക്ക് ഉണ്ടായിരിക്കും. ഈ സമാധാനം ചുറ്റുപാടിലുള്ള സമാധാനമല്ല, എന്നാൽ ഉള്ളിലുള്ള സമാധാനത്തിന്റെ അവസ്ഥയാണ്.
ജീവന്റെ പരിജ്ഞാനം, പേജ് 46*

നാലാമത്, നമ്മുടെ ദൈവാനുഭവവും, ദൈവജീവനും, സമാധാനവും ഒരുമിച്ചു പോകുന്നു. ദൈവത്തെ നേടുന്നതിന്റെ അനുഭവം സമാധാനത്തിൽ കലാശിക്കുന്നു. ഈ ആന്തരിക സമാധാനബോധം പുറമെയുള്ള പരിതസ്ഥിതിയിലൂടെ നമുക്ക് കണ്ടെത്തുവാൻ കഴിയുന്ന ഏതൊരു സമാധാനത്തെക്കാളും ആഴമുള്ളതാണ്.

നിങ്ങളുടെ ബുദ്ധിയെ കവിയുന്ന സമാധാനത്തിനുവേണ്ടി നിങ്ങൾ അന്വേഷിക്കുകയും ഇതുവരെ ദൈവത്തിന്റെ സമാധാനം ലഭിക്കാതെയും ഇരിക്കുന്നുവെങ്കിൽ, തുറന്ന ഒരു ഹൃദയത്തോടെ അവനോടു പറയുക:

“കർത്താവായ യേശുവേ, എനിക്ക് അങ്ങയെ ആവശ്യമാണ്. കർത്താവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എന്നിലേക്കു വരേണമേ! അങ്ങയുടെ ജീവൻ ഇപ്പോൾത്തന്നെ എനിക്കു തരേണമേ. അങ്ങയുടെ സമാധാനംകൊണ്ട് എന്നെ നിറയ്ക്കേണമേ. കർത്താവേ, എന്റെ ജീവനും യഥാർത്ഥ സുരക്ഷയും ആയതിനായി ഞാൻ അങ്ങേക്ക് നന്ദി അർപ്പിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.”

സമാധാനം ഉണ്ടായിരിക്കുവാനുള്ള ഒരു പ്രായോഗിക മാർഗ്ഗം കാണുന്നതിനായി “കഷ്ടതയിൽനിന്നും ദുരിതത്തിൽനിന്നും രക്ഷിക്കപ്പെട്ടിരിക്കുവാൻ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുക” എന്ന ഞങ്ങളുടെ അടുത്ത ലേഖനം നിങ്ങൾ തുടർന്നും വായിക്കുക.

*All quotes and verses Copyright © by Living Stream Ministry. Verses taken from "The New Testament Recovery Version Online" at https://online.recoveryversion.bible


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക