വേദപുസ്തകത്തിൽ യേശുവിന്റെ ജീവിതം
യേശുവിന്റെ ജീവിതത്തെക്കുറിച്ച് വേദപുസ്തകം പറയുന്നതെന്തെന്നു പഠിക്കുക
യേശുവിന്റെ ജീവിതത്തെക്കുറിച്ചും അവന്റെ ജീവിതത്തെക്കുറിച്ച് വേദപുസ്തകം പറയുന്നതെന്തെന്നും നോക്കുവാൻ ഞങ്ങളോടു ചേരുക. അവന്റെ ജീവതം ഇന്ന് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ വിഷയമാകുന്നു എന്നു പഠിക്കുക.
വേദപുസ്തകത്തിൽ യേശുവിന്റെ ജീവിതം
നാം എല്ലാവരും ദൈവത്തെക്കുറിച്ചും, അനേകർ യേശുവിനെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാൽ യേശു ആരാണ്? അവൻ ഒരു മനുഷ്യനും, നിരവധി നല്ല പ്രവൃത്തികൾ ചെയ്യുകയും തന്റെ നല്ല ഉപദേശങ്ങളിലൂടെ ലോകത്തെ മാറ്റുകയും ചെയ്ത ഒരു പ്രവാചകനും മാത്രമാണോ? അതൊ, അവൻ ഇതിനെക്കാൾ കുറച്ചുകൂടിയാണോ? അനേകർ പറയുന്നതുപോലെ, അവൻ “ദൈവപുത്രൻ” ആണോ?
“യേശുവിന്റെ യഥാർത്ഥ സാന്നിദ്ധ്യത്തെ അനുഭവിച്ചറിയാതെ ആർക്കും സുവിശേഷങ്ങൾ വായിക്കുവാൻ കഴിയുകയില്ല. അവന്റെ വ്യക്തിത്വം ഓരോ വാക്കിലും സ്പന്ദിക്കുന്നു. അങ്ങനെയുള്ള ജീവിതത്തിൽ യാതൊരു കെട്ടുകഥയും ഇല്ല” – ആൽബർട്ട് ഐൻസ്റ്റീൻ
വേദപുസ്തകം യേശുവിനെക്കുറിച്ച് എന്തു പറയുന്നു
ഈ ലേഖനത്തിൽ യേശുവിനെക്കുറിച്ച് വേദപുസ്തകം എന്തു പറയുന്നുവെന്നു നമുക്കു നോക്കാം. യേശു എന്ന മനുഷ്യനായി മനുഷ്യത്വത്തിൽ പ്രവേശിക്കുന്നതിലൂടെ നാമുമായി ഒന്നായിത്തീരുക എന്ന ദൈവത്തിന്റെ ആഗ്രഹത്തെ കണ്ടെത്തുവാനും, നമ്മെ രക്ഷിക്കുവാനായി നമ്മുടെ പാപങ്ങൾ ക്ഷമിക്കേണ്ടതിന് ദൈവത്തിന്റെ കുഞ്ഞാടായി ക്രൂശിൽ യേശു മരിച്ചതെങ്ങനെയെന്നും, ജീവൻ നല്കുന്ന ആത്മാവായി എങ്ങനെ യേശുവിന് നമ്മിൽ ജീവിക്കുവാൻ കഴിയുമെന്നും പഠിക്കുവാനുമായി ഞങ്ങളുടെ യാത്രയിൽ ഞങ്ങളോടു ചേരുക.
യേശുവിന്റെ ജനനവും യുവത്വവും
2000-ത്തിലധികം വർഷങ്ങൾക്കുമുമ്പ്, നസറെത്തിൽ മറിയ എന്നു പേരുള്ള ഒരു മനുഷ്യ കന്യകയുടെ ഗർഭത്തിൽ തന്റെ ആത്മാവിലൂടെ തന്നെത്തന്നെ ജനിപ്പിച്ചുകൊണ്ട് നിത്യനായ ദൈവം തന്റെ സൃഷ്ടിയിലേക്കു പ്രവേശിച്ചു. മറിയയുടെ വിവാഹം യോസേഫ് എന്നു പേരുള്ള ദൈവഭയമുള്ള ഒരു മനുഷ്യനുമായി കഴിഞ്ഞിരുന്നു. അവൾ യെഹൂദ്യയിലെ ബെത്|ലഹേം എന്ന പട്ടണത്തിൽ യേശു എന്നു പേരുള്ള ഒരു യഥാർത്ഥ മനുഷ്യശിശുവിനു ജന്മം നല്കി. അവരെ ജാതീയരായ വിദ്വാന്മാർ, അഥവാ ജ്ഞാനികൾ, സന്ദർശിക്കുകയും യേശുവിനോടുള്ള ബഹുമാനാർത്ഥം പൊന്നും, മൂരും, കുന്തുരുക്കവും സമ്മാനമായി കൊണ്ടുവരുകയും ചെയ്തു. ബത്|ലഹേമിൽനിന്ന് യേശുവും അവന്റെ കുടുംബവും ഈജിപ്റ്റിലേക്കു പോകുകയും, പിന്നീട് യിസ്രായേലിലേക്കു മടങ്ങിവന്ന് നസറെത്ത് എന്ന ഒരു പട്ടണത്തിൽ പാർക്കുകയും ചെയ്തു.
യേശു വളർന്നുവന്നു. അവന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ആണ്ടുതോറുമുള്ള പെസഹ പെരുന്നാളിന് യെരുശലേമിലുള്ള ആലയം സന്ദർശിക്കുവാൻ അവന്റെ മാതാപിതാക്കളോടൊപ്പം അവൻ പോയി. അവൻ തങ്ങളുടെ കൂട്ടത്തിലുള്ളവരോടുകൂടെ യാത്ര ചെയ്യുകയായിരിക്കും എന്ന് അവന്റെ മാതാപിതാക്കൾ അനുമാനിച്ചുവെങ്കിലും അവൻ ആലയത്തിൽത്തന്നെ തങ്ങുകയായിരുന്നു. മൂന്നു ദിവസങ്ങൾക്കുശേഷം, തനിക്കു ചുറ്റും നിൽക്കുന്നവരെ ഉപദേശിക്കുകയും അവരോടു ചോദിക്കുകയും ചെയ്തുകൊണ്ടുനിൽക്കുന്ന യേശുവിനെ മറിയയും യോസേഫും ആലയത്തിൽ കണ്ടെത്തി. തങ്ങൾ വളരെ വ്യസനിച്ചുവെന്നു പറഞ്ഞുകൊണ്ട് മറിയ യേശുവിനെ ശാസിച്ചു. എന്നാൽ തന്റെ പിതാവിനുള്ള കാര്യങ്ങളോട് താൻ ചായ്|വുള്ളവനാണെന്ന് യേശു അവളോടു പറഞ്ഞു. യേശു തന്റെ മാതാപിതാക്കളോടൊപ്പം നസറെത്തിലേക്കു മടങ്ങിവരികയും, ജ്ഞാനത്തിലും വളർച്ചയിലും മുതിർന്നു വരുകയും ചെയ്തു.
യേശുവിന്റെ ശുശ്രൂഷ
യേശു ഒരു യഥാർത്ഥ മനുഷ്യനാണെങ്കിലും, ദിവ്യവും പാപരഹിതവുമായ ഒരു ജീവിതം നയിച്ചു. യേശുവിന്റെ മച്ചുനനായ യോഹന്നാൻ പാപങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള ഒരു മാനസാന്തരസ്നാനം പ്രസംഗിച്ചു. അനേകർ സ്നാനമേറ്റു. യേശു സ്നാനമേറ്റപ്പോൾ “പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ ഒരു പ്രാവായി അവന്റെമേൽ ഇറങ്ങി. സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദവും വന്നു: നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” (ലൂക്കൊസ് 3:22).
യേശുവിന് ഏകദേശം 30 വയസ്സായപ്പോൾ അവൻ ശുശ്രൂഷിക്കുവാൻ ആരംഭിച്ചു. ഗലീലയിലുള്ള അവന്റെ ശുശ്രൂഷയിൽ അവൻ കൃപാസംവത്സരം പ്രസംഗിക്കുകയും, പഠിപ്പിക്കുകയും, ഭൂതങ്ങളെ പുറത്താക്കുകയും, രോഗികളെ സൗഖ്യമാക്കുകയും, പ്രസംഗിക്കുകയും ചെയ്തു. അവൻ ഒരു കുഷ്ഠരോഗിയെയും, ഒരു പക്ഷവാതക്കാരനെയും, മരിച്ചുകൊണ്ടിരുന്ന ഒരുവനെയും, രക്തസ്രവക്കാരിയായ ഒരു സ്ത്രീയെയും സൗഖ്യമാക്കുകയും, കരഞ്ഞുകൊണ്ടിരുന്ന ഒരു വിധവയുടെ ഏകജാതനായ മകനെയും മറ്റു ചിലരെയും ഉയിർപ്പിക്കുകയും ചെയ്തു. അവനെ അനുഗമിക്കുവാനും, അവനിൽനിന്നു പഠിക്കുവാനും, അവന്റെ പുനരുത്ഥാനത്തിനുശേഷം അവന്റെ ദൂത് സർവ്വലോകത്തിലും എത്തിക്കുവാനും യേശു 12 അപ്പൊസ്തലന്മാരെ നിയമിച്ചു. ഏറ്റവും ഉന്നതമായ സാന്മാർഗ്ഗികത ഉണ്ടായിരിക്കുവാൻ അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. അവൻ ഉപമകളാൽ പഠിപ്പിക്കുകയും, “ദൈവവചചനം കേൾക്കുകയും അവയെ പ്രമാണിക്കുകയും ചെയ്യുന്നവർ” അവന്റെ യഥാർത്ഥ ബന്ധുക്കളാണെന്ന് പറയുകയും (ലൂക്കൊസ് 8:21), കൊടുങ്കാറ്റിനെ ശാന്തമാക്കുകയും, ലെഗ്യോനിലധികം ഭൂതങ്ങളെ ഒരുവനിൽനിന്നു പുറത്താക്കുകയും, അവന്റെ ശുശ്രൂഷ വ്യാപരിപ്പിക്കുവാൻ തന്റെ ശിഷ്യന്മാരെ അയയ്ക്കുകയും, 5000 പേരുള്ള ഒരു കൂട്ടത്തെ അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് പോഷിപ്പിക്കുകയും, അവന്റെ മരണപുനരുത്ഥാനങ്ങളെ വെളിപ്പെടുത്തുകയും ചെയ്തു.
ഗലീല മുതൽ യെരുശലേം വരെയുള്ള യേശുവിന്റെ ശുശ്രൂഷയിൽ, അവനെ എങ്ങനെ അനുഗമിക്കണമെന്ന് അവൻ ജനത്തെ ഉപദേശിക്കുകയും, തന്റെ ശുശ്രൂഷ വ്യാപരിപ്പിക്കുവാൻ 70 ശിഷ്യന്മാരെ നിയമിക്കുകയും, ഏറ്റവും ഉന്നതമായ സാന്മാർഗ്ഗികതയുള്ള ഒരു നല്ല ശമര്യക്കാരനായി അവനെത്തന്നെ ചിത്രീകരിക്കുകയും ചെയ്തു. പ്രാർത്ഥനയെയും, ജാഗരണത്തെയും, വിശ്വസ്തതയെയും, മാനസാന്തരത്തെയും, അവനെ അനുഗമിക്കുതിനെയുംകുറിച്ച് യേശു പഠിപ്പിച്ചു. കാണാതെപോയ ഒരു ആടിനെ അന്വേഷിക്കുന്ന ഒരു ഇടയന്റെയും, കാണാതെപോയ ഒരു നാണയം അന്വേഷിക്കുന്ന ഒരു സ്ത്രീയുടെയും, താന്തോന്നിയായ ഒരു മകനെ സ്വീകരിക്കുന്ന ഒരു പിതാവിന്റെയും ഉപമകൾ ഉപയോഗിച്ചുകൊണ്ട്, പിതാവും പുത്രനും ആത്മാവുമായ ത്രിയേകദൈവത്തിന്റെ പാപികളോടുള്ള രക്ഷിക്കുന്ന സ്നേഹത്തെയും യേശു മറനീക്കിക്കാണിച്ചു. യേശു തന്റെ മരണത്തെയും പുനരുത്ഥാനത്തെയും പിന്നെയും വെളിപ്പെടുത്തി.
ആലയത്തിൽ വിൽക്കുന്നവരാൽ അതിനെ അശുദ്ധമാക്കുകയും, അതിനെ “കള്ളന്മാരുടെ ഗുഹ” ആക്കുകയും ചെയ്തിരുന്നവരെ പുറത്താക്കുകയും, മുഖ്യപുരോഹിതന്മാരുടെയും, ശാസ്ത്രിമാരുടെയും, മൂപ്പന്മാരുടെയും, യെഹൂദന്മാരുടെ ഏറ്റവും കണിശക്കാരുടെ വിഭാഗമായ പരീശന്മാരും, യെഹൂദ സംസ്ക്കാരത്തിലേക്ക് ഗ്രീക്കുകരുടെയും റോമാക്കാരുടെയും വിവിധ മൂലകങ്ങൾ കൊണ്ടുവരുന്നതിന് ഹെരോദാരാജാവിന്റെ വാഴ്ചയോടു പക്ഷംചേർന്നവരായ ഹെരോദ്യരും, യെഹൂദാമതത്തിന്റെ പുരാതന ആധുനിക ചിന്താഗതിക്കാരായ സദൂക്ക്യരും ഉൾപ്പെടുന്ന വിവിധ വിഭാഗക്കാരുടെയും സകല പരീക്ഷകളെയും ജയിക്കുകയും ചെയ്തു.
യേശുവിന്റെ മരണം
30 വെള്ളിക്കാശിനുവേണ്ടി യേശു ഉണ്ടായിരുന്ന സ്ഥലം പറഞ്ഞുകൊടുത്തുകൊണ്ട് തന്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദയാൽ യേശു ഒറ്റിക്കൊടുക്കപ്പെട്ടു. മുഖ്യപുരോഹിതന്മാരാലും, ആലയത്തിലെ ഉദ്യോഗസ്ഥന്മാരാലും യേശു അറസ്റ്റു ചെയ്യപ്പെടുകയും, മഹാപുരോഹിതന്റെ ഭവനത്തിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്തു. യേശുവിന്റെ കണ്ണുകൾ മൂടിക്കെട്ടുകയും, പരിഹസിക്കുകയും, അടിക്കുകയും ചെയ്തു. പിന്നീട് അവനെ ആ കാലത്തെ യെഹൂദന്മാരുടെ ഏറ്റവും ഉയർന്ന കോടതിയായ സുന്നഹദോസിനു മുമ്പാകെ കൊണ്ടുവരുകയും, അവൻ ദൈവപുത്രനാണെന്നു സമ്മതിച്ചതുകൊണ്ട് അവനെ ന്യായംവിധിക്കുകയും ചെയ്തു. പിന്നീട് സുന്നഹദോസ് അവനെ റോമയിലെ ഭരണാധികാരികളായ പീലാത്തോസിനും ഹെരോദാവിനും മുമ്പാകെ കൊണ്ടുവരികയും അവർ രണ്ടുപേരും അവനിൽ യാതൊരു കുറ്റവും കാണാതിരിക്കുകയും ചെയ്തു. എങ്കിലും, ജനക്കൂട്ടമെല്ലാം അവൻ ക്രൂശിക്കപ്പെടണമെന്ന് ആരവാരം മുഴക്കിയതുകൊണ്ട് പീലാത്തോസ് അവർക്കു വഴങ്ങിക്കൊണ്ട് യേശുവിനെ ഏല്പിച്ചുകൊടുത്തു.
ക്രൂശീകരണത്തിനുള്ള വഴിമദ്ധ്യേ യേശുവിനു പിന്നാലെ ക്രൂശു ചുമന്നുകൊണ്ടുപോകുവാൻ ശീമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ ജനം നിർബന്ധിച്ചു. തലയോടിടം എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ എത്തിയപ്പോൾ, രാവിലെ ഏകദേശം 9 മണിക്ക് രണ്ടു കുറ്റുവാളികളുടെ നടുവിൽ യേശുവിനെ ക്രൂശിൽ തറച്ചു. മൂന്നു മണിക്കൂർ സമയം അവൻ മനുഷ്യരുടെ പീഡനം സഹിച്ചു. എന്നാൽ ദൈവം മനുഷ്യകുലത്തിന്റെ പാപങ്ങൾ യേശുവിന്മേൽ ചുമത്തുകയും നമ്മുടെ സ്ഥാനത്ത് അവനെ ന്യായംവിധിക്കുകയും ചെയ്തതുകൊണ്ട് ഉച്ച മുതൽ 3 മണി വരെ ദേശം ഇരുണ്ടുപോയി. നമ്മുടെ പാപങ്ങളുടെ മോചനത്തിനുവേണ്ടി രക്തം ചൊരിയുവാൻ യേശു ദൈവത്തിന്റെ കുഞ്ഞാടായി മരിച്ചു. നല്ലവനും, നീതിമാനും, ധനവാനുമായ യോസേഫ് എന്ന മനുഷ്യൻ യേശുവിന്റെ ശരീരത്തിനുവേണ്ടി പീലാത്തോസിനോട് അപേക്ഷിക്കുകയും, അവൻ അതിനെ നിർമ്മലമായ തുണിയിൽ പൊതിഞ്ഞ് ഒരു പുതിയ കല്ലറയിൽ വയ്ക്കുകയും ഒരു കല്ലുകൊണ്ട് അതിനെ മുദ്രയിടുകയും ചെയ്തു. റോമാ കാവൽക്കാർ കല്ലറയ്ക്കു മുമ്പിൽ കാവൽ നിന്നു.
“യാതൊരു ആത്മാഭിമാനവും കൂടാതെ നമുക്ക് സമീപിക്കുവാൻ കഴിയുന്ന ഒരു ദൈവമാണ് യേശു. അവന്റെ മുമ്പിൽ യാതൊരു ഇച്ഛാഭംഗവും കൂടാതെ നമുക്ക് വിനയപ്പെടുവാൻ കഴിയും.” - ബ്ലൈസ് പാസ്ക്കൽ
യേശുവിന്റെ പുനരുത്ഥാനവും ആരോഹണവും
മൂന്നു ദിവസങ്ങൾക്കുശേഷം, ഗലീലയിൽ യേശുവിനു ശുശ്രൂഷ ചെയ്ത സ്ത്രീകളിൽ ചിലർ കല്ലറ സന്ദർശിച്ചു. കല്ല് ഉരുട്ടിക്കളഞ്ഞിരിക്കുന്നതും, രണ്ടു പുരുഷന്മാർ കണ്ണഞ്ചിപ്പിക്കുന്ന ഉടുപ്പു ധരിച്ചു നിൽക്കുന്നതും കണ്ടു. ദൂതന്മാരായിരുന്ന ആ മനുഷ്യർ അവരോടു പറഞ്ഞു, “നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ‘മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം’ എന്ന് മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോട് പറഞ്ഞത് ഓർത്തുകൊൾവിൻ” (ലൂക്കൊസ് 24:5-7). സ്ത്രീകൾ അപ്പൊസ്തലന്മാരോടു പറഞ്ഞുവെങ്കിലും, അവർ അവരെ ആദ്യം വിശ്വസിച്ചില്ല. അപ്പൊസ്തലന്മാരിൽ ഒരുവനായ പത്രൊസ് എഴുന്നേറ്റ് കല്ലറയിലേക്ക് ഓടുകയും, തുണി മടക്കിവച്ചിരിക്കുന്നതു മാത്രം കണ്ടിട്ട് സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെടുകയും ചെയ്തു.
പിന്നീട് യെരുശലേമിൽനിന്നും ഏകദേശം ഏഴു മൈൽ ദൂരത്തുള്ള എമ്മവൂസിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ടു ശിഷ്യന്മാരെ യേശു കണ്ടു. അവൻ അവരുമായി സംഭാഷിച്ചുവെങ്കിലും അവൻ അവരോടുകൂടെ അപ്പം നുറുക്കുന്നതുവരെ അവർ അവനെ തിരിച്ചറിഞ്ഞില്ല; പിന്നീട് അവൻ അപ്രത്യക്ഷനായി. 11 അപ്പൊസ്തലന്മാരോടും അവരോടുകൂടെ ഉള്ളവരോടും പറയേണ്ടതിനായി രണ്ടു ശിഷ്യന്മാരും അപ്പോൾതന്നെ യെരുശലേമിലേക്കു പോയപ്പോൾ അവൻ അവരുടെ നടുവിൽ പ്രത്യക്ഷനായി. അവൻ ഒരു ഭൂതം എന്നു വിചാരിച്ച് അവർ ഭയപ്പെട്ടു. അതിനാൽ അവൻ പറഞ്ഞു, “ഞാൻ തന്നേ ആകുന്നു എന്ന് എന്റെ കയ്യും കാലും നോക്കി അറിവിൻ. എന്നെ തൊട്ടു നോക്കുവിൻ. എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ” (ലൂക്കൊസ് 24:39). അവർ നല്കിയ ഒരു ഖണ്ഡം വറുത്ത മീൻ അവൻ തിന്നുകയും ചെയ്തു. അടുത്ത 40 നാളുകളിൽ, യേശു എപ്പോഴും അവരോടൊപ്പം സന്നിഹിതനായിരുന്നു, ചിലപ്പോൾ അവരുടെ കണ്ണുകൾക്കു മറഞ്ഞിരുന്നു, മറ്റു ചിലപ്പോൾ അവരുടെ കണ്ണുകൾക്ക് കാണത്തക്കവണ്ണമായിരുന്നു. പിന്നീട് അപ്പൊസ്തലന്മാരെയും അവരോടുകൂടെയുള്ളവരെയും നിയോഗിച്ചു. “അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു” (ലൂക്കെസ് 24:50-51).
യേശു ജീവൻ-നല്കുന്ന ആത്മാവാകുന്നു
തന്റെ പുനരുത്ഥാനത്തിൽ, യേശു നമ്മുടെ ആളത്തത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗമായ നമ്മുടെ ആത്മാവിലേക്കു പ്രവേശിക്കുന്നതിലൂടെ നമുക്ക് ജീവൻ നല്കുന്ന ആത്മാവായിത്തീർന്നു. ഇപ്പോൾ ക്രിസ്തു ആത്മാവായതുകൊണ്ട്, നമ്മുടെ ആത്മാവിലേക്ക് ദൈവജീവൻ സ്വീകരിക്കുവാൻ നമുക്കു കഴിയും. ഇതിനെയാണ് ദൈവവചനം വീണ്ടുംജനനം എന്നു വിളിക്കുന്നത്. ഈ ജീവൻ സ്വീകരിക്കുന്നതിന് നാം ദൈവത്തിലേക്കു മടങ്ങിവരുകയും, കർത്താവായ യേശുവിൽ വിശ്വസിക്കുകയും വേണം. ലളിതമായ ഈ പ്രാർത്ഥന പ്രാർത്ഥിക്കുന്നതിലൂടെ നിങ്ങൾക്ക് ഇപ്പോൾതന്നെ അങ്ങനെ ചെയ്യാം:
“കർത്താവായ യേശുവേ, നിന്നെക്കുറിച്ച് വേദപുസ്തകം പറയുന്നതെല്ലാം ഞാൻ വിശ്വസിക്കുന്നു! എന്നോടുകൂടെ ജീവിക്കേണ്ടതിന് ജഡത്തിൽ അവതാരംചെയ്ത ദൈവമാണ് നീ എന്നു ഞാൻ വിശ്വസിക്കുന്നു! കർത്താവായ യേശുവേ, എന്റെ പാപങ്ങളിൽനിന്നും എന്നെ വെടിപ്പാക്കുകയും, എന്നെ രക്ഷിക്കുകയും, ആത്മാവായി എന്നിലേക്കു വരുകയും ചെയ്യേണമേ! കർത്താവായ യേശുവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു!”
ഇവിടെ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങൾ “പുതിയനിയമം പ്രത്യുദ്ധാര പരിഭാഷ”യിൽ നിന്നും എടുത്തിട്ടുള്ളതാണ്.