ഒരിക്കലും പരാജയപ്പെടാത്ത പ്രത്യാശ നമുക്ക് എവിടെ കണ്ടെത്തുവാൻ കഴിയും?
നാം നമ്മുടെ ജീവിതം നയിക്കുമ്പോൾ, ഒഴിവാക്കാൻ കഴിയാത്ത മൂന്നു പ്രതിലോമ കാര്യങ്ങൾ നേരിടുമെന്ന് നമുക്കുറപ്പുണ്ട്: വാർദ്ധക്യവും, രോഗവും, മരണവും. നാം എത്രതന്നെ വ്യായാമം ചെയ്താലും, ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിച്ചാലും നമുക്ക് ഈ ദൈവകല്പിതത്തെ ഒഴിഞ്ഞുപോകുവാൻ കഴിയില്ല. നമ്മുടെ ജീവിതമെല്ലാം ഒടുവിൽ ഒരു അന്ത്യത്തിലേക്കു വരും. നാം മരിക്കുമ്പോൾ എന്താണ് അവശേഷിക്കുന്നത്? ഒന്നും അവശേഷിക്കുന്നില്ല. ഏറ്റവും വിജയകരമായ ആളുകൾ ഒരു പൈതൃകസ്വത്ത് പിന്നിൽ വിട്ടേച്ചുപോകുമെങ്കിലും, അവർ ജീവിച്ചിരിക്കുന്നില്ലെങ്കിൽ വാസ്തവത്തിൽ അവർക്കെന്താണുള്ളത്? ഈ ഘട്ടത്തിൽ നേടിയതും ശേഖരിച്ചുവച്ചതുമായ സകലവും മായയാണ്. മനുഷ്യജീവിതം ആശയ്ക്കു വകയില്ലാത്തതാണെന്ന് നാം ഉപസംഹരിക്കേണ്ടിവരും. നാം അന്തിമമായി എത്തുന്നിടമായ മരണത്തോടുകൂടെ നശിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ നാം കുടുങ്ങിക്കിടക്കുകയാണ്, എന്നിട്ടും നാമെല്ലാവരും ഇപ്പോഴും പ്രത്യാശയ്ക്കുവേണ്ടി നോക്കിക്കൊണ്ടിരിക്കുന്നു. നമുക്കതു കണ്ടെത്താൻ കഴിയുമോ?
എല്ലാ ആളുകളും തങ്ങളുടെ പ്രത്യാശ വയ്ക്കുവാൻ എന്തിനെയെങ്കിലുമോ ആരെയെങ്കിലുമോ നോക്കുന്നു. സാധാരണഗതിയിൽ, നമ്മുടെ പ്രത്യാശയുടെ വസ്തു മാറുന്നു, കാരണം വസ്തു പരാജയപ്പെടുകയും നമുക്ക് ശാശ്വതമായ പ്രത്യാശ നൽകുവാൻ അപര്യാപ്തമായിത്തീരുകയും ചെയ്യുന്നു. നമ്മെ പരാജയപ്പെടുത്താത്ത ഒരു വസ്തുവിനെ കണ്ടെത്താൻ കഴിയാതെ, നിരാശയുടെ അനന്തമായ ഒരു ചക്രത്തിൽ നാം കുടുങ്ങിയിരിക്കുന്നു. നമ്മുടെ പ്രത്യാശ വച്ചുകൊള്ളുവാൻ കഴിയുന്ന ഒരു വ്യക്തി, എല്ലാ യോഗ്യതയും പരീക്ഷയും ജയിച്ചവനും, ശാശ്വതമായി സുരക്ഷിതനുമായ ഒരുവൻ, ഉണ്ട് - ദൈവമായിരിക്കണം നമ്മുടെ പ്രത്യാശയുടെ വസ്തു.
അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും,… പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു. എഫെസ്യർ 2:12
നിത്യനായ ദൈവത്തെ നാം നഷ്ടപ്പെടുത്തിയിരുന്നതിനാൽ മനുഷ്യജീവിതം ആശയ്ക്കു വകയില്ലാത്തതാണ്. ദൈവത്തെക്കൂടാതെ ഈ ലോകത്തിൽ യാതൊരു പ്രത്യാശയുമില്ല. എന്നാൽ നമുക്ക് ദൈവത്തിലേക്ക് മടങ്ങുവാനും വീണ്ടും പ്രത്യാശ കണ്ടെത്തുവാനും കഴിയും. മനുഷ്യന് സർവ്വവുമായിരിക്കുവാൻ, നമ്മുടെ പ്രത്യാശയായി അവനെക്കൊണ്ടുതന്നെ നിറയ്ക്കുവാനും, പ്രത്യാശയുടെ പാതയിൽ നമ്മെ ആക്കിവയ്ക്കുവാനും, ദൈവം ആഗ്രഹിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നമുക്കു പ്രത്യാശ കണ്ടെത്തുവാൻ കഴിയുമാറാക്കുന്ന 4 വഴികൾ ഇതാ:
- ഉള്ളിലെ ശൂന്യതയുടെ ആഴത്തിലുള്ള അവബോധത്തെ നാം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യണം. നിങ്ങൾ ദൈവത്തെ കാണുന്നില്ലെന്ന് ഈ ബോധം നിങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ പ്രത്യാശയായിരിക്കുവാൻ നിങ്ങൾക്ക് ദൈവത്തെ ആവശ്യമാണ്. ബൈബിളിൽ, ലോകത്തിനു നല്കുവാനുണ്ടായിരുന്ന സകലത്തെയും അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്ത ശലോമോൻ എന്ന ശ്രേഷ്ഠനായ ഒരു രാജാവുണ്ടായിരുന്നു. ഇവയെല്ലാം മായാമയമാണെന്നും, കാറ്റിനെ പിന്തുടരുന്നതാണെന്നും, സൂര്യനു കീഴിൽ പുതിയതായി ഒന്നുമില്ലെന്നും അവൻ ഉപസംഹരിച്ചു. എന്നാൽ മനുഷ്യന്റെ ഹൃദയത്തിൽ ദൈവം “നിത്യത” എന്നു വിളിക്കപ്പെടുന്ന ഒന്നു വച്ചിട്ടുണ്ടെന്നും അവൻ പറഞ്ഞു. നിത്യത എന്നത് ദൈവത്തിനുവേണ്ടിയുള്ള ആഴമായ ഒരു തീവ്രാഭിലാഷമാണ്, അതിനെ ഈ ലോകത്തിൽനിന്നുള്ള യാതൊന്നിനും നിറയ്ക്കുവാൻ കഴിയുകയില്ല, ദൈവത്തിനു മാത്രമേ നിറയ്ക്കുവാനും ഉള്ളിലെ ശൂന്യതാബോധത്തെ തൃപ്തിപ്പെടുത്തുവാനും കഴിയുകയുള്ളൂ.
- നമുക്ക് സർവ്വവുമായിരിക്കുവാൻ ദൈവത്തിനു കഴിയുമെന്ന് നാം തിരിച്ചറിയേണ്ടത് ആവശ്യമാണ്. ദൈവത്തെ ആവിഷ്കരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യേണ്ടതിന് ദൈവം നമ്മെ തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. ഒരു കൈയുടെ മാതൃകയിൽ സൃഷ്ടിക്കപ്പെട്ട ഒരു കയ്യുറ പോലെയാണ് നാം, എങ്കിലും ഒരു കൈയില്ലെങ്കിൽ, നാം ഉപയോഗമില്ലാത്തവരും ശൂന്യരുമാണ്. കയ്യായ ദൈവത്താൽ നാം നിറയുമ്പോൾ നമ്മുടെ ലക്ഷ്യം നിറവേറുന്നു. ഇക്കാരണത്താൽ, നമ്മെ സൃഷ്ടിച്ചതിലെ ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് ദൈവത്തെ നമ്മുടെ ജീവനായി നാം സ്വീകരിക്കേണ്ടതാവശ്യമാണ്. നമ്മുടെ സകല ശൂന്യതയെയും നികത്തുവാനും നമുക്ക് എല്ലാമായിരിക്കുവാനും ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ.
- നാം അനുതപിക്കുകയും നമുക്ക് ദൈവത്തിലേക്ക് ഒരു തിരിവുണ്ടായിരിക്കുയും വേണം. ഈ ലോകത്തെയും, നാം പ്രത്യാശ വച്ചിരിക്കുന്നത് എന്തിലാണെന്നതിനെയും കുറിച്ചു ചിന്തിക്കുന്നതിൽ നമുക്കൊരു മാറ്റം ആവശ്യമാണ്. ഭരണത്തിലും, നേതൃത്വത്തിലും, ലോക സാഹചര്യത്തിലുമുളള യാതൊരു മാറ്റത്തിനും നിലനിൽക്കുന്ന പ്രത്യാശ കൊണ്ടുവരുവാൻ കഴിയുകയില്ല. നാം എപ്പോഴും നിരാശരായിരിക്കും. യാതൊരു മാനുഷിക നേട്ടത്തിനോ പരിശ്രമത്തിനോ ഉള്ളിലെ ശൂന്യതയെ നികത്തുവാൻ കഴിയുകയില്ല. ശ്രമിക്കുന്നതിനെക്കുറിച്ചു നാം പശ്ചാത്തപിക്കുകയും മടങ്ങിവന്ന് ദൈവത്തെ സ്വീകരിക്കുകയും വേണം.
- നമ്മുടെ രക്ഷകനും പ്രത്യാശയുമായി നാം യേശുക്രിസ്തുവിനെ സ്വീകരിക്കണം. നമുക്ക് യേശു ഉണ്ടെങ്കിൽ നമുക്ക് പ്രത്യാശയുണ്ടായിരിക്കുകയും, നമ്മുടെ ജീവിതം പ്രത്യാശകൊണ്ടു നിറഞ്ഞതായിരിക്കുകയും ചെയ്യും. നമ്മുടെ തേജസ്സിന്റെ പ്രത്യാശയായ ക്രിസ്തു മുഖാന്തരം അവന്റെ തേജസ്സിന്റെ ധനം നമ്മിൽ വെളിപ്പെടുത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ പ്രത്യാശയ്ക്ക് ഒരു ലക്ഷ്യസ്ഥാനമുണ്ട്, ആ ലക്ഷ്യസ്ഥാനം തേജസ്സാണ് - നിത്യതയോളം ദൈവത്തിന്റെ തേജസ്സിൽ ജീവിക്കുക. കൊലൊസ്യർ 1:27 പറയുന്നു, “അവരോട് ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമ്മം തേജസ്സിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ”. നമ്മുടെ ആളത്തത്തെ തുറന്നുകൊണ്ടും താഴെ പറയുന്നതുപോലെ പ്രാർത്ഥിച്ചുകൊണ്ടും നമുക്ക് യേശുവിനെ സ്വീകരിക്കുവാൻ കഴിയും:
“കർത്താവായ യേശുവേ, ഞാൻ ശൂന്യനാണെന്നും പ്രത്യാശയ്ക്കുവേണ്ടി നോക്കിക്കൊണ്ടിരിക്കുന്നുവെന്നും ഞാൻ ഏറ്റുപറയുന്നു. അങ്ങയെക്കൂടാതെ യാതൊന്നിനും ആർക്കും എന്റെ പ്രത്യാശയായിരിക്കുവാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ ജീവനും പ്രത്യാശയുമായിരിക്കുവാൻ ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. ശൂന്യതയിലും, ക്ഷയത്തിലും, മരണത്തിലുംനിന്ന് എന്നെ രക്ഷിക്കുന്നതിന് ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. കർത്താവായ യേശുവേ, അങ്ങയെ എന്റെ രക്ഷകനും പ്രത്യാശയുമായി സ്വീകരിക്കുവാൻ ഞാൻ എന്നെത്തന്നെ തുറക്കുന്നു. എന്റെ തേജസ്സിന്റെ പ്രത്യാശയായി എനിക്ക് അങ്ങയെ ആവശ്യമാണ്."
നമ്മുടെ പ്രത്യാശയായി ക്രിസ്തുവിനെ നാം സ്വീകരിച്ചതിനുശേഷം, അവനെ സ്നേഹിക്കുകയും, നമ്മിൽ വളരുവാൻ അവനെ അനുവദിക്കുകയും, ദൈവതേജസ്സിലേക്ക് നമ്മെ പൂർണ്ണമായി കൊണ്ടുവരുവാൻ അവനെ അനുവദിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ പ്രത്യാശയായ ഈ വ്യക്തിയെ നാം സജീവമായി ആസ്വദിക്കേണ്ടതാവശ്യമാണ്.
"ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും നാം ഇന്ന് ആസ്വദിക്കുവാൻ മാത്രമല്ല, പിന്നെയോ ഭാവിയിൽ ദൈവതേജസ്സിലേക്കു പ്രവേശിക്കുവാനും നമ്മുടെ ജീവനായ ക്രിസ്തു നമ്മെ പ്രാപ്തരാക്കുന്നു (റോമ. 8:17; എബ്രാ. 2:10). അതുകൊണ്ട്, ഇന്നു നമ്മിൽ വസിച്ചുകൊണ്ട്, ഒരു വശത്ത് അവൻ നമ്മുടെ ജീവനും, മറുവശത്ത്, അവൻ നമ്മുടെ തേജസ്സിന്റെ പ്രത്യാശയുമാണ് (കൊലൊ. 3:4; 1:27). നമ്മുടെ ജീവനായി അവൻ ഇന്നു നമ്മിൽ വസിക്കുന്നു എന്നതിന്റെ അർത്ഥം, അവനിലുള്ള ദൈവജീവൻ മുഖാന്തരം, നാം വളർന്ന് ദൈവത്തെപ്പോലെയായിത്തീരുവാനും, വളർന്ന് ദൈവസ്വരൂപത്തോട് അനുരൂപരായിരിക്കുവാനും, ഒടുവിൽ ദൈവതേജസ്സിലേക്ക് വളരുവാനും അവൻ ഇടയാക്കും എന്നാണ്."
ജീവന്റെ പരിജ്ഞാനം, അദ്ധ്യായം 4
ജീവന്റെ പരിജ്ഞാനം എന്ന പുസ്തകത്തിൽനിന്നും നിങ്ങൾക്ക് കൂടുതൽ വായിക്കാം. ഞങ്ങളുടെ സൗജന്യ ക്രിസ്തീയ പുസ്തക പരമ്പരയിൽ ഇതു ലഭ്യമാണ്.
*All quotes © by Living Stream Ministry. Verses are taken from "The New Testament Recovery Version Online" at https://online.recoveryversion.bible